Tuesday, October 6, 2026
HomeKERALAകേരളത്തിന്റെ ആകാശത്ത് ISS: നഗ്നനേത്രങ്ങളാൽ കണ്ടത് കൗതുകമായി

കേരളത്തിന്റെ ആകാശത്ത് ISS: നഗ്നനേത്രങ്ങളാൽ കണ്ടത് കൗതുകമായി

നാല് മിനിറ്റോളം തിളക്കമുള്ള പ്രകാശബിന്ദുവായി സഞ്ചാരം: വരും ദിവസങ്ങളിലും കേരളത്തിൽ നിന്ന് കാണാം
മൂന്ന് സ്ത്രീകളുൾപ്പെടെ 7 പേർ ബഹിരാകാശ സ്റ്റേഷനിൽ ഉണ്ട്
മലയാളി ബഹിരാകാശ യാത്രികൻ അനിൽ മേനോനും ഗഗയാൻ യാത്രികൻ ശുഭാംശു ശുക്ലയും ഏഴംഗ സംഘത്തിലുണ്ട്  മലയാളികൾക്കും അഭിമാന നിമിഷം

തിരുവനന്തപുരം: കേരളത്തിന്റെ ആകാശത്ത് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) കടന്നുപോയത് ആകാശനിരീക്ഷകരിൽ കൗതുകമായി. പ്രത്യേക ഉപകരണങ്ങളൊന്നുമില്ലാതെ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ ISS-ന്റെ സഞ്ചാരം കണ്ടു. പലരും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

സെപ്റ്റംബർ 4 വെള്ളിയാഴ്ച രാത്രി 7.46ഓടെയാണ് ISS കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. തെക്ക്-പടിഞ്ഞാറൻ ആകാശത്ത് തെളിഞ്ഞ പ്രകാശബിന്ദുവായി പ്രത്യക്ഷപ്പെട്ട നിലയം ഏകദേശം നാല് മിനിറ്റോളം ആകാശത്തിലൂടെ സഞ്ചരിച്ചശേഷം വടക്കൻ ദിശയിൽ മറഞ്ഞു. സാധാരണ നക്ഷത്രങ്ങളെക്കാൾ കൂടുതൽ തിളക്കത്തോടെയും വേഗത്തിലുമാണ് ഇത് കാണപ്പെട്ടത്.

മേഘമില്ലാത്ത ആകാശത്ത് കാഴ്ച കൂടുതൽ വ്യക്തം

ആകാശം തെളിഞ്ഞ സ്ഥലങ്ങളിലാണ് ISS-നെ കൂടുതൽ വ്യക്തമായി കാണാൻ കഴിഞ്ഞത്. ടെലിസ്കോപ്പോ ബൈനോക്കുലറോ ആവശ്യമായിരുന്നില്ല. എന്നാൽ ചില പ്രദേശങ്ങളിൽ മേഘാവൃതമായതിനാൽ ആകാശക്കാഴ്ച നഷ്ടമായതായി റിപ്പോർട്ടുകളുണ്ട്.

ഇന്നും കാണാം

ISS-ന്റെ സഞ്ചാരം സെപ്റ്റംബർ 5 മുതൽ 10 വരെ കേരളത്തിൽ വിവിധ സമയങ്ങളിൽ ദൃശ്യമാകാനുള്ള സാധ്യതയുണ്ട്. സെപ്റ്റംബർ 6 ഞായറാഴ്ച രാത്രി ഏകദേശം 7.50ന് മൂന്ന് മിനിറ്റോളം ISS കാണാൻ കഴിയുമെന്നാണ് ലഭ്യമായ നിരീക്ഷണ വിവരങ്ങൾ. സെപ്റ്റംബർ 7ന് പുലർച്ചെ 5.44നും വൈകിട്ട് 7.01നും കാഴ്ചയ്ക്കുള്ള അവസരമുണ്ട്.

തുറസ്സായ സ്ഥലത്ത് നിന്ന്, പ്രകാശമലിനീകരണം കുറഞ്ഞ ഭാഗങ്ങളിൽ ആകാശം നിരീക്ഷിക്കുന്നതാണ് ISS-നെ കാണാൻ കൂടുതൽ അനുയോജ്യം. മേഘാവസ്ഥയും പ്രാദേശിക കാഴ്ചപരിധിയും കാഴ്ചയെ ബാധിക്കാം.

എന്താണ് ISS?

ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ സഞ്ചരിക്കുന്ന മനുഷ്യനിർമിത ബഹിരാകാശ പരീക്ഷണശാലയാണ് International Space Station. മണിക്കൂറിൽ ഏകദേശം 28,000 കിലോമീറ്റർ വേഗതയിൽ ഭൂമിയെ ചുറ്റുന്ന ISS, ബഹിരാകാശത്ത് ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള പ്രധാന ഗവേഷണ കേന്ദ്രമാണ്.

ആകാശത്ത് വേഗത്തിൽ നീങ്ങുന്ന ഒരു തിളക്കമുള്ള നക്ഷത്രം പോലെയാണ് ISS സാധാരണയായി അനുഭവപ്പെടുക. അതിനാൽ വിമാനമോ സാധാരണ നക്ഷത്രമോ എന്ന് സംശയിക്കേണ്ടതില്ല ,വിമാനങ്ങളെപ്പോലെ മിന്നുന്ന ലൈറ്റുകളില്ലാതെ സ്ഥിരമായ പ്രകാശത്തോടെ വേഗത്തിൽ നീങ്ങുന്നതാണ് പ്രധാന വ്യത്യാസം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments