പുതിയ സൂപ്പർ ലീഗ് കേരള സീസണിന് മുന്നോടിയായാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം
കോഴിക്കോട്: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ കാലിക്കറ്റ് എഫ്‌സി ഫുട്ബോൾ താരം റിജോൺ ജോസ് മരിച്ചു. തൃശൂർ സ്വദേശിയായ റിജോൺ ജോസാണ് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന് സമീപമുണ്ടായ അപകടത്തിൽ മരിച്ചത്. സഹതാരവും മുൻ സന്തോഷ് ട്രോഫി താരവുമായ ഗനി അഹമ്മദ് നിഗമിന് ഗുരുതരമായി പരിക്കേറ്റു.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. റിജോണും ഗനി അഹമ്മദ് നിഗവും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. എന്നാൽ റിജോൺ ജോസിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗനി അഹമ്മദ് നിഗം ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
കാലിക്കറ്റ് എഫ്‌സിയുടെ പ്രതിരോധ താരമായിരുന്നു റിജോൺ. മുൻപ് എഫ്‌സി ഡെക്കാൻ, വയനാട് യുണൈറ്റഡ്, ജോർജ് ടെലഗ്രാഫ് തുടങ്ങിയ ക്ലബുകൾക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്. ഫോഴ്‌സ കൊച്ചി, എഫ്‌സി കേരള എന്നിവയ്ക്കായും കളിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
സൂപ്പർ ലീഗ് കേരളയുടെ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം. പുതിയ സീസണിലെ മത്സരങ്ങൾക്കായി കാലിക്കറ്റ് എഫ്‌സി തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.
റിജോൺ ജോസിന്റെ വിയോഗം കേരള ഫുട്ബോൾ മേഖലയിലും കാലിക്കറ്റ് എഫ്‌സി ക്യാമ്പിലും വലിയ ദുഃഖത്തിനിടയാക്കിയിരിക്കുകയാണ്.


