തിരുവനന്തപുരം: പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കം രാഷ്ട്രീയ ലക്ഷ്യംവച്ചുള്ളതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇ.ഡി നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഓലപ്പാമ്പ് കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ട. വഴങ്ങാൻ മനസില്ല. ഏത് കേസ് വന്നാലും നേരിടും” എന്നായിരുന്നു ഇന്ന് മാധ്യമങ്ങളോടുള്ള എം.വി. ഗോവിന്ദന്റെ പ്രതികരണം. ഇനിയും കേസുകൾ വന്നാലും പ്രതിരോധിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
CMRL–എക്‌സാലോജിക് ഇടപാടിൽ പണം നൽകിയവരുടെ പട്ടികയിൽ മറ്റ് രാഷ്ട്രീയ നേതാക്കളുമുണ്ടായിട്ടും പിണറായി വിജയനെ മാത്രം ലക്ഷ്യമിടുന്നത് രാഷ്ട്രീയ ഇടപെടലാണെന്നാണ് സി.പി.എം ആരോപണം. ഇ.ഡി ഉയർത്തുന്ന ആരോപണങ്ങൾക്ക് മതിയായ തെളിവുകളില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം, പിണറായി വിജയനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന ഇ.ഡി റിപ്പോർട്ടിൽ കേരള പൊലീസ് നിയമോപദേശം തേടിയിരിക്കുകയാണ്. കേസെടുത്താലും ഇല്ലെങ്കിലും ആഭ്യന്തരവകുപ്പിന് ഇത് രാഷ്ട്രീയമായും ഭരണപരമായും നിർണായക വിഷയമാകുകയാണ്.


