ഒക്ടോബർ 7നെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ‘ബ്ലാക്ക് ഡേ’ ആയി കോൺഗ്രസ് പ്രഖ്യാപിച്ചു
ഒക്ടോബർ 8ന് രാജ്യവ്യാപകമായി പ്രതിഷേധം കരിദിനം ആചരിക്കും
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും ജനപ്രതിനിധികളെയും ആക്രമിച്ചെന്നാരോപിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഒക്ടോബർ 8ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാനങ്ങൾ, ജില്ലകൾ, ബ്ലോക്ക്/മണ്ഡലം തലങ്ങളിൽ പ്രതിഷേധ പരിപാടികൾ നടത്താനാണ് പാർട്ടി നിർദേശം.
എല്ലാ പി.സി.സി പ്രസിഡന്റുമാർക്കും ഡി.സി.സി/ബി.സി.സി ഭാരവാഹികൾക്കും എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർക്കും ചുമതലക്കാർക്കും നിയമസഭാ കക്ഷി നേതാക്കൾക്കും ഫ്രണ്ടൽ സംഘടനകളുടെ ദേശീയ അധ്യക്ഷന്മാർക്കും വിഭാഗങ്ങളുടെയും സെല്ലുകളുടെയും മേധാവികൾക്കും അയച്ച കത്തിലൂടെ കോൺഗ്രസ് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.
“പ്രതിപക്ഷ നേതാവിനെയും ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികളെയും ലക്ഷ്യമിട്ടുള്ള ആക്രമണം ഭരണഘടനയ്ക്കെതിരായ ആക്രമണം തന്നെയാണ്” എന്നാണ് വേണുഗോപാൽ കത്തിൽ ആരോപിച്ചത്.
ഒക്ടോബർ 7നെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ‘ബ്ലാക്ക് ഡേ’ ആയി കോൺഗ്രസ് പ്രഖ്യാപിച്ചതായും കത്തിൽ പറയുന്നു.
ഇതിന്റെ തുടർച്ചയായി ഇന്ന് 2026 ഒക്ടോബർ 8, വ്യാഴാഴ്ച സംസ്ഥാന, ജില്ലാ, ബ്ലോക്ക്/മണ്ഡലം തലങ്ങളിൽ വൻ പ്രതിഷേധങ്ങൾ സംഘടിപ്പിക്കണമെന്നാണ് പാർട്ടി ഘടകങ്ങൾക്ക് നൽകിയ നിർദേശം.
പാർട്ടിയുടെ സംസ്ഥാന, ജില്ലാ, ബ്ലോക്ക് തല സംഘടനകൾ പ്രതിഷേധ പരിപാടികൾ ഏകോപിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.


