Tuesday, October 6, 2026
HomeKERALA11,255 കാണികൾ സാക്ഷിയായി: കണ്ണൂരിൽ ആവേശമായി സൂപ്പർ ലീഗ് കേരള സീസൺ 3 ഉദ്ഘാടനം

11,255 കാണികൾ സാക്ഷിയായി: കണ്ണൂരിൽ ആവേശമായി സൂപ്പർ ലീഗ് കേരള സീസൺ 3 ഉദ്ഘാടനം

സംഗീതവും നൃത്തവും താരസാന്നിധ്യവും; ജവഹർ സ്റ്റേഡിയത്തിൽ ഫുട്ബോൾ ആവേശത്തിന് ഗംഭീര തുടക്കം

കണ്ണൂർ: 11,255 ഫുട്ബോൾ ആരാധകർ സാക്ഷിയായ ആവേശകരമായ രാത്രിയിൽ സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് കണ്ണൂരിൽ ഗംഭീര തുടക്കം. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സെപ്റ്റംബർ 25ന് നടന്ന ഉദ്ഘാടന പരിപാടികൾ സംഗീതവും നൃത്തവും താരസാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായി. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സ് എഫ്‌സിയും തൃശൂർ മാജിക് എഫ്‌സിയും ഏറ്റുമുട്ടി. 11,255 കാണികളാണ് മത്സരം കാണാൻ ഗ്യാലറിയിലെത്തിയത്.

കണ്ണൂർ വാരിയേഴ്‌സ് സെലിബ്രിറ്റി ഓണർ നടൻ ആസിഫ് അലി, ക്ലബ്ബ് ചെയർമാൻ ഡോ ഹസ്സൻകുഞ്ഞി ,കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ അഡ്വ പി ഇന്ദിര തുടങ്ങിയവർ ഉദ്ഘാടന വേദിയിൽ

വൈകിട്ട് ആറുമണിയോടെ ആരംഭിച്ച ഉദ്ഘാടന ആഘോഷങ്ങൾക്ക് പിന്നാലെ സ്റ്റേഡിയം ഫുട്ബോൾ ആവേശത്തിൽ നിറഞ്ഞു. ഡബ്സി, ഡാസി, റാപ്പർ മർഡർ എറർ, എംസി കൂപ്പർ, സാരംഗി ശ്യാം തുടങ്ങിയവർ അണിനിരന്ന സംഗീത–നൃത്ത പരിപാടികൾ ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി. മത്സരത്തിന്റെ ഹാഫ് ടൈം ഷോയിലും സംഗീതപരിപാടികൾ അരങ്ങേറി.

ഉദ്ഘാടന ചടങ്ങിൽ ടി.ഒ. മോഹനൻ എംഎൽഎ, കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര, ജില്ലാ കലക്ടർ പി. വിഷ്ണുരാജ്, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, സൂപ്പർ ലീഗ് കേരള ഡയറക്ടർ ഫിറോസ് മീരാൻ, സിഇഒ മാത്യു ജോസഫ് എന്നിവർ പങ്കെടുത്തു.

കണ്ണൂർ വാരിയേഴ്സ് എഫ്‌സി ചെയർമാൻ ഡോ. എം.പി. ഹസ്സൻ കുഞ്ഞി, തൃശൂർ മാജിക് എഫ്‌സി ഉടമ ജസ്റ്റിൻ സ്റ്റീഫൻ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പി.കെ. അബ്ദുൽ നിസാർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

സിനിമാതാരം ആസിഫ് അലി, കണ്ണൂർ വാരിയേഴ്സ് പ്രതിനിധികളായ കെ.എം. വർഗീസ്, മിബു ജോസ് നെറ്റിക്കാടന്‍. ഇ പി അബ്ദുറഹിമാൻ , സി എ മുഹമ്മദ് സാലിഹ്‌ ,ഡോ അജിത് റോയ് ,മുഹമ്മദ് മദനി  എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കേരളത്തിലെ പ്രൊഫഷണൽ ഫുട്ബോളിന് കൂടുതൽ ജനപിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിൽ ആറ് ടീമുകളാണ് മത്സരിക്കുന്നത്. സെപ്റ്റംബർ 25 മുതൽ ഡിസംബർ 10 വരെയാണ് സീസൺ.

ഉദ്ഘാടന ചടങ്ങിന്റെ ആവേശത്തിന് പിന്നാലെ നടന്ന ആദ്യ മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് തൃശൂർ മാജിക്കിനെ 1–0ന് പരാജയപ്പെടുത്തി സീസണിന് വിജയത്തുടക്കമിട്ടു. സ്പാനിഷ് താരം അസിയർ ഗോമസിന്റെ ഗോളിലൂടെയായിരുന്നു കണ്ണൂരിന്റെ വിജയം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments