വയനാട്ടിലെ കുടുംബവീട്ടിൽ അനുവദനീയ പരിധിയിൽ കൂടുതലായി മദ്യം സൂക്ഷിച്ചെന്ന കേസിൽ നടപടി; ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച കോടതി വിധി
കൽപ്പറ്റ: വയനാട്ടിലെ കുടുംബവീട്ടിൽ അനുവദനീയ പരിധിയിൽ കൂടുതലായി മദ്യശേഖരം സൂക്ഷിച്ചെന്ന അബ്കാരി കേസിൽ റിപ്പോർട്ടർ ടി.വി. മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായ ആന്റോ അഗസ്റ്റിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വ്യാഴാഴ്ച റിമാൻഡ് ഉത്തരവിട്ടത്. ജാമ്യാപേക്ഷയിൽ കോടതി വെള്ളിയാഴ്ച വിധി പറയും.
കൊച്ചി ഓഫീസിൽ നിന്ന് അറസ്റ്റ്
വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽ മദ്യശേഖരം കണ്ടെത്തിയതിന് പിന്നാലെയാണ് എക്സൈസ് നടപടി. വ്യാഴാഴ്ച പുലർച്ചെ കൊച്ചിയിലെ റിപ്പോർട്ടർ ടി.വി. ഓഫീസിലെത്തിയ എക്സൈസ് സംഘം ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് വൈദ്യപരിശോധന നടത്തിയ ശേഷം സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടപടികൾ സ്വീകരിച്ചത്. രാവിലെ അഞ്ചുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.


