സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു
ആറ് മാസത്തിനകം പദ്ധതികൾക്ക് വ്യക്തമായ രൂപം
തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പ്രധാന വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള കൃത്യമായ പ്രവർത്തനരേഖ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ ‘റീ ഇമാജിനിംഗ് കേരളം’ റൗണ്ട് ടേബിൾ കോൺഫറൻസിന് തിരുവനന്തപുരത്ത് തുടക്കമായി. സെപ്റ്റംബർ 16 മുതൽ 18 വരെ നടക്കുന്ന ത്രിദിന സമ്മേളനത്തിൽ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിദഗ്ധർ, വ്യവസായ പ്രതിനിധികൾ, നിക്ഷേപകർ, വിവിധ മേഖലകളിലെ പങ്കാളികൾ എന്നിവർ പങ്കെടുക്കുന്നു.
‘Ideas, Projects, Actions’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളെ പ്രഖ്യാപനങ്ങളിൽ ഒതുക്കാതെ വ്യക്തമായ ലക്ഷ്യങ്ങളും സമയക്രമവും സാമ്പത്തിക മാതൃകയും നിർവഹണ സംവിധാനവും ഉൾപ്പെടുന്ന പദ്ധതികളാക്കി മാറ്റുകയാണ് പ്രധാന ലക്ഷ്യം. 40-ലധികം സർക്കാർ വകുപ്പുകളെയും ഏജൻസികളെയും ഏകോപിപ്പിച്ചാണ് ചർച്ചകൾ നടക്കുന്നത്.
ആറ് പ്രധാന മേഖലകളിൽ ചർച്ച
വികസന പദ്ധതികളെ വിവിധ മേഖലകളായി തിരിച്ച് വിശദമായ ചർച്ചകൾ നടത്തും. സാമൂഹിക വികസനവും മാനവവിഭവശേഷിയും, സംസ്കാരം,ടൂറിസം,പൈതൃകം, നഗരവികസനം,ഗതാഗതം, വിജ്ഞാനം,ഗവേഷണം,ആരോഗ്യം, വ്യവസായം,എഐ നിക്ഷേപം, സുസ്ഥിരത,പ്രകൃതി വിഭവങ്ങൾ,ദുരന്തപ്രതിരോധം, തുടങ്ങിയ മേഖലകൾക്കാണ് പ്രധാന പരിഗണന.
വ്യവസായം, അടിസ്ഥാന സൗകര്യം, ഐടി, സ്റ്റാർട്ടപ്പുകൾ, കൃത്രിമബുദ്ധി, ബഹിരാകാശ സാങ്കേതികവിദ്യ, ടൂറിസം, സംസ്കാരം തുടങ്ങിയ മേഖലകളിലെ പദ്ധതികളും സമ്മേളനത്തിൽ പരിഗണിക്കുന്നുണ്ട്. ദക്ഷിണ കേരള സാമ്പത്തിക ഇടനാഴി, മിഷൻ സമുദ്ര, ഇൻവെസ്റ്റ് കേരള, സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോൺ, മലയാളം എഐ ഇനിഷ്യേറ്റീവ്, കേരള എംഎസ്എംഇ ഗ്രോത്ത് സ്കീം, മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്, സ്പേസ് ഇക്കണോമി തുടങ്ങിയ പദ്ധതികൾ ചർച്ചകളിൽ ഉൾപ്പെടുന്നു.
ആറ് മാസത്തിനകം പദ്ധതികൾക്ക് വ്യക്തമായ രൂപം
സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വി.ഡി. സതീശൻ, ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് ആറ് മാസത്തിനകം വ്യക്തമായ രൂപം നൽകുമെന്നും രണ്ട് വർഷത്തിനകം അവയെ നടപ്പാക്കലിന്റെ പാതയിൽ എത്തിക്കുമെന്നും പറഞ്ഞു. പദ്ധതികളുടെ എണ്ണം മാത്രമല്ല, അവ സമയബന്ധിതമായും ഗുണമേന്മയോടെയും പൂർത്തിയാക്കുന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതികൾ പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്യണമെന്നും വരുമാനം സൃഷ്ടിക്കുന്ന പദ്ധതികളിൽ പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉൾപ്പെടെയുള്ള സാധ്യതകൾ പരിഗണിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകളും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിക്ഷേപത്തിനും പുതിയ സാങ്കേതികവിദ്യകൾക്കും പ്രാധാന്യം
വലിയ നിക്ഷേപങ്ങൾ കേരളത്തിലേക്ക് ആകർഷിക്കാൻ വിവിധ മേഖലകളിൽ പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന അനുകൂല സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ടെന്ന് വ്യവസായ, ഐടി, എഐ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് തടസ്സമാകുന്ന നയങ്ങളിലും നടപടിക്രമങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ പദ്ധതിക്കും പ്രത്യേക പ്രവർത്തനരേഖ
റൗണ്ട് ടേബിൾ ചർച്ചകളിൽ ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി, ലക്ഷ്യങ്ങൾ, സാധ്യതകൾ, ആവശ്യമായ നിക്ഷേപം, നടപ്പാക്കേണ്ട നടപടികൾ എന്നിവ വിശദമായി പരിശോധിക്കും. തുടർന്ന് ഡ്രാഫ്റ്റ് പ്രോജക്ട് സ്കോപ്പ് ഡോക്യുമെന്റ് തയ്യാറാക്കും. ആവശ്യമായാൽ സാധ്യതാപഠനം, വിശദമായ പദ്ധതി റിപ്പോർട്ട് (DPR), കൺസൾട്ടൻസി തുടങ്ങിയ തുടർനടപടികളും സ്വീകരിക്കും.
പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കുന്നതിനായി പ്രത്യേക മോണിറ്ററിങ് സംവിധാനവും ഒരുക്കും. പ്രധാന ഘട്ടങ്ങളിലെ പുരോഗതി വിലയിരുത്തി മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും റിപ്പോർട്ട് ചെയ്യുന്ന സംവിധാനവും ഉണ്ടാകും.
‘കേരളം 2036’ വികസന കാഴ്ചപ്പാടും
കേരളത്തിന്റെ അടുത്ത ഘട്ട വികസനത്തിനുള്ള ദീർഘകാല കാഴ്ചപ്പാടും സമ്മേളനത്തിൽ ചർച്ചയാകും. മനുഷ്യവികസന നേട്ടങ്ങൾക്കൊപ്പം വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥ, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, പുതിയ തൊഴിൽ അവസരങ്ങൾ, സംരംഭകത്വം, സുസ്ഥിര വികസനം, ഉൾക്കൊള്ളുന്ന വളർച്ച എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ‘കേരളം 2036’ കാഴ്ചപ്പാടും അവതരിപ്പിച്ചു.
സമ്മേളനത്തിൽ നിന്ന് ലഭിക്കുന്ന പ്രധാന നിർദേശങ്ങൾ സംസ്ഥാനത്തിന്റെ 15-ാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണത്തിലും പരിഗണിക്കുമെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൺ കെ.എം. ചന്ദ്രശേഖർ അറിയിച്ചു.


