തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ചൂട് കനക്കുന്നു. സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അടുത്ത ദിവസങ്ങളിൽ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ 7 മുതൽ 9 വരെ ചിലയിടങ്ങളിൽ ചൂടും അന്തരീക്ഷ ഈർപ്പവും കൂടിയ കാലാവസ്ഥ അനുഭവപ്പെടും.
മഴയുടെ ശക്തി കുറഞ്ഞതോടെയാണ് സംസ്ഥാനത്ത് പകൽ ചൂട് വീണ്ടും ഉയരുന്നത്. ഉയർന്ന ഈർപ്പം കൂടിയെത്തുന്നതോടെ യഥാർഥ താപനിലയെക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടാനും സാധ്യതയുണ്ട്. സെപ്റ്റംബർ 8നും 9നും കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്കും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
എന്നാൽ ചൂടിന് അധികം ആയുസ്സില്ലെന്നാണ് നിലവിലെ കാലാവസ്ഥാ പ്രവചനം നൽകുന്ന സൂചന. സെപ്റ്റംബർ 10 മുതൽ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും. സെപ്റ്റംബർ 10 മുതൽ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 7 മുതൽ 11 സെന്റിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
സെപ്റ്റംബർ 10ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും സെപ്റ്റംബർ 11ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും കനത്ത മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ട്, ഗതാഗത തടസ്സം, മരങ്ങൾ കടപുഴകിവീഴൽ, മണ്ണിടിച്ചിൽ തുടങ്ങിയ സാഹചര്യമുണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, നിലവിലെ മുന്നറിയിപ്പ് ഉഷ്ണതരംഗത്തിന്റേതല്ല. ചില പ്രദേശങ്ങളിൽ സാധാരണയെക്കാൾ 3–4 ഡിഗ്രി വരെ ഉയർന്ന താപനിലയും ചൂടും ഈർപ്പവും കൂടിയ കാലാവസ്ഥയും ഉണ്ടാകുമെന്നതാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
അടുത്ത ദിവസങ്ങളിൽ കേരളം നേരിടുക ചൂടിന്റെയും മഴയുടെയും മാറിമാറിയുള്ള കാലാവസ്ഥയായിരിക്കും. പകൽ സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ചെയ്യണമെന്ന് നിർദേശം.


