ദോഹ: ഇൻകാസ് ഖത്തർ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മിറ്റി ഭാരവാഹികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. ദോഹയിലെ ഐസിസി മുംബൈ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് നിഷാദ് മോഹൻ അധ്യക്ഷത വഹിച്ചു. ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അഷറഫ് വടകര ഉദ്ഘാടനം നിർവഹിച്ചു.
മുൻ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. നയീം മുള്ളങ്കൽ മുഖ്യപ്രഭാഷണം നടത്തി. ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായി പ്രവർത്തിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ മഹാത്മാഗാന്ധി ഇന്ത്യൻ ജനതയ്ക്ക് അഹിംസയുടെയും സത്യത്തിന്റെയും മാർഗം പകർന്നുനൽകിയ നേതാവാണെന്ന് അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയുടെ ആശയങ്ങളും ആദർശങ്ങളും ഇന്ത്യയിൽ മാത്രം ഒതുങ്ങാതെ ലോകമെമ്പാടും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പാശ്ചാത്യ രാജ്യങ്ങൾ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇന്നും ഗാന്ധിയൻ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ടെന്നും ഡോ. നയീം മുള്ളങ്കൽ അഭിപ്രായപ്പെട്ടു.
ചടങ്ങിന്റെ ഭാഗമായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇൻകാസ് ഖത്തർ ആലപ്പുഴ ജില്ലാ കമ്മിറ്റി ഭാരവാഹികൾക്ക് സെൻട്രൽ കമ്മിറ്റി നേതാക്കൾ സ്വീകരണം നൽകി.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സെക്രട്ടറി ഈപ്പൻ തോമസ്, സെൻട്രൽ കമ്മിറ്റി നേതാക്കളായ ഷാനവാസ്, ശ്രീജിത്ത് എസ്. നായർ, ബഷീർ തുവാരിക്കൽ, അഹദ് മുബാറക്, ബി.എം. ഫാസിൽ, ജിഷ ജോർജ്, സുരേഷ്, മനോജ് കൂടൽ എന്നിവർ ആശംസകൾ നേർന്നു.
ജില്ലാ നേതാക്കളായ ഹാഷിം, റെജിൻ എബ്രഹാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ജോജി ജോസഫ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് മുട്ടം നിസാം നന്ദിയും പറഞ്ഞു.


