തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. ശ്രീലേഖ രാജി നീക്കത്തിൽ നിന്ന് പിന്മാറി. ബിജെപി സംസ്ഥാന നേതൃത്വം നടത്തിയ അനുനയ ചർച്ചകൾക്കൊടുവിലാണ് കൗൺസിലർ സ്ഥാനത്ത് തുടരാൻ ശ്രീലേഖ തീരുമാനിച്ചത്.
ശാസ്തമംഗലം വാർഡിനെ പ്രതിനിധീകരിക്കുന്ന ശ്രീലേഖ ശനിയാഴ്ച കൗൺസിലർ സ്ഥാനം രാജിവയ്ക്കുകയാണെന്ന് വാർഡ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നായിരുന്നു വിശദീകരണം.
തുടർന്ന് ബിജെപി നേതൃത്വം വിഷയത്തിൽ ഇടപെട്ടു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള നേതാക്കൾ ശ്രീലേഖയുമായി ചർച്ച നടത്തി. കോർപ്പറേഷനുമായി ബന്ധപ്പെട്ട് അവർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഗണിക്കാമെന്നും ആവശ്യമായ പിന്തുണ നൽകാമെന്നും നേതൃത്വം ഉറപ്പുനൽകിയതായാണ് റിപ്പോർട്ട്.
അതേസമയം, ശ്രീലേഖയുടെ രാജി ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നിരുന്നോ എന്നതിൽ നേരത്തെ ആശയക്കുഴപ്പം നിലനിന്നിരുന്നു. മേയർ വി.വി. രാജേഷിന് രാജിക്കത്ത് നൽകിയിരുന്നെങ്കിലും കോർപ്പറേഷൻ സെക്രട്ടറിക്ക് ഔദ്യോഗികമായി സമർപ്പിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ രാജി പിൻവലിക്കുന്നതോടെ കൗൺസിലർ സ്ഥാനത്ത് തുടരുന്നതിന് നടപടിക്രമപരമായ തടസ്സമില്ലെന്നാണ് വിവരം.
ശ്രീലേഖയുടെ രാജി നീക്കം പുറത്തുവന്നതോടെ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണത്തിന്റെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ചർച്ചകൾ ശക്തമായിരുന്നു. രാജി തീരുമാനം മാറ്റിയതോടെ തൽക്കാലം ഈ രാഷ്ട്രീയ പ്രതിസന്ധിക്ക് ശമനമായിരിക്കുകയാണ്.
ശ്രീലേഖയുടെ രാജിയുമായി ബന്ധപ്പെട്ട് ഉയർന്ന മറ്റ് രാഷ്ട്രീയ ആരോപണങ്ങൾ ബിജെപി നേതൃത്വം തള്ളി. ആരോഗ്യപരമായ ബുദ്ധിമുട്ടുകളും കൗൺസിലർ എന്ന നിലയിൽ നേരിടുന്ന ചില ഭരണപരമായ പ്രശ്നങ്ങളുമാണ് വിഷയത്തിന് പിന്നിലെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം.


