ഈ ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജിയെക്കുറിച്ച് എഴുതാനിരിക്കുമ്പോൾ ആദരവിനൊപ്പം ഒരു ആശങ്കയും മനസ്സിൽ ഉയരുന്നു. ആത്മധൈര്യം കൊണ്ട് ഒരു ജനതയെ ഉണർത്തിയ ആ മഹാത്മാവിനെ നാം രാഷ്ട്രപിതാവ് എന്നു വിളിക്കുന്നു. എന്നാൽ ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയെ നാം എത്രത്തോളം കാത്തുസൂക്ഷിച്ചിട്ടുണ്ട്? ഗാന്ധിജിയുടെ ചിത്രത്തിനു മുന്നിൽ ആദരവോടെ നിൽക്കുമ്പോഴും, അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളിൽനിന്ന് നാം അകന്നുപോകുന്നുണ്ടോ?
ഇന്ത്യ സാമൂഹികമായും സാമ്പത്തികമായും ജനാധിപത്യ സ്ഥാപനങ്ങളിലൂടെയും പടിപടിയായി വളരുന്നത് കണ്ട തലമുറയിൽപ്പെട്ടയാളാണ് ഞാൻ. വ്യത്യസ്ത മതങ്ങളും ഭാഷകളും സംസ്കാരങ്ങളും ചേർന്നുനിൽക്കുന്ന ഒരു രാജ്യത്തെക്കുറിച്ചുള്ള പ്രതീക്ഷയായിരുന്നു ആ വളർച്ചയുടെ അടിത്തറ. ഓരോ പൗരനും ഭയമില്ലാതെ ജീവിക്കാനും വിവേചനമില്ലാതെ അവസരങ്ങൾ നേടാനും കഴിയുന്ന ഇന്ത്യ. ആ പ്രതീക്ഷയുടെ ഹൃദയത്തിൽ ഗാന്ധിജിയുണ്ടായിരുന്നു.
ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്നു വിളിക്കുന്നതിന്റെ സാംഗത്യം അന്വേഷിക്കേണ്ടതും അവിടെയാണ്. ഇന്ത്യയുടെ ചരിത്രം അദ്ദേഹത്തിൽനിന്ന് ആരംഭിക്കുന്നില്ല. സ്വാതന്ത്ര്യം അദ്ദേഹത്തിന്റെ മാത്രം നേട്ടവുമല്ല. അനേകം ഇന്ത്യക്കാരുടെ പോരാട്ടങ്ങളുടെയും അവരനുഭവിച്ച ത്യാഗങ്ങളുടെയും ഫലമായാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് . എന്നാൽ ആ പോരാട്ടത്തെ സാധാരണ മനുഷ്യരുടെ ജീവിതവുമായി ബന്ധിപ്പിച്ച്, ഒരു ജനതയുടെ ആത്മാഭിമാനവും കൂട്ടായ ഇച്ഛാശക്തിയുമാക്കി മാറ്റുന്നതിൽ ഗാന്ധിജി നിർണായക പങ്കുവഹിച്ചു.
കർഷകരും തൊഴിലാളികളും സ്ത്രീകളും സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ടവരും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായപ്പോൾ ഇന്ത്യക്കാർ സ്വന്തം കരുത്ത് തിരിച്ചറിയുകയായിരുന്നു. സാമ്രാജ്യത്തിന്റെ ആയുധബലത്തിനു മുന്നിൽ സ്വന്തം കരുത്തിനെ സംശയിച്ചിരുന്നവർക്ക് , അനീതിയോട് സഹകരിക്കാതിരിക്കാനുള്ള ശക്തി അദ്ദേഹം കാണിച്ചുകൊടുത്തു. ഭയത്തിൽനിന്ന് ആത്മവിശ്വാസത്തിലേക്കുള്ള ആ മാറ്റമാണ് ഗാന്ധിജിയുടെ മഹത്തായ സംഭാവന.
അദ്ദേഹത്തിന്റെ സമരരീതിയോട് വിയോജിപ്പുണ്ടായിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസ് പോലും ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്നു അഭിസംബോധന ചെയ്തിരുന്നു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്കപ്പുറം രാഷ്ട്രത്തെ ഉണർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനുള്ള അംഗീകാരമായിരുന്നു അത്. രാഷ്ട്രപിതാവ് എന്ന വിളി ഒരു ജനതയുടെ കൃതജ്ഞതയുടെയും ധാർമിക അടുപ്പത്തിന്റെയും പ്രകടനമായി നമുക്ക് മനസ്സിലാക്കാം.
ഗാന്ധിജിക്ക് സ്വാതന്ത്ര്യം അധികാരക്കൈമാറ്റത്തിൽ ഒതുങ്ങിയിരുന്നില്ല. വിശക്കുന്ന മനുഷ്യന് ഭക്ഷണവും തൊഴിലില്ലാത്തവന് ഉപജീവനവും അപമാനിക്കപ്പെടുന്നവന് അന്തസ്സും ലഭിക്കേണ്ടതുണ്ടായിരുന്നു. സ്വദേശി എന്ന ആശയത്തിൽ ഉൽപ്പാദനത്തിനൊപ്പം അധ്വാനത്തിന്റെ മാന്യതയും സാധാരണക്കാരുടെ സാമ്പത്തിക സുരക്ഷയും ഉൾപ്പെട്ടിരുന്നു. ഇന്നത്തെ ഇന്ത്യയുടെ സ്വയംപര്യാപ്തതയും ഈ അളവുകോലിൽ പരിശോധിക്കണം. വളർച്ചയുടെ കണക്കുകൾക്കൊപ്പം അതിന്റെ നേട്ടങ്ങൾ ആരിലേക്കെത്തുന്നു എന്ന ചോദ്യം ഉയരണം.
അതുപോലെ, ഗാന്ധിജിയുടെ മതവിശ്വാസം മറ്റൊരാളുടെ വിശ്വാസത്തെ അവഹേളിക്കാനുള്ള അനുമതിയായിരുന്നില്ല. സ്വന്തം വിശ്വാസത്തിൽ ഉറച്ചുനിൽക്കുമ്പോഴും മറ്റുള്ളവരുടെ ആത്മീയ സ്വാതന്ത്ര്യത്തെ മാനിക്കാമെന്ന് അദ്ദേഹം ജീവിതത്തിലൂടെ കാണിച്ചുതന്നു . അദ്ദേഹത്തിന്റെ രാമരാജ്യസങ്കൽപ്പത്തിന്റെ കേന്ദ്രത്തിൽ നീതിയും കരുണയും ഏറ്റവും ദുർബലനായ മനുഷ്യന്റെ സുരക്ഷയുമായിരുന്നു. സ്വന്തം നാട്ടിൽ ഒരാൾക്കും അന്യതാ ബോധം അനുഭവപ്പെടാതിരിക്കാനുള്ള ഉത്തരവാദിത്വമാണ് ആ സങ്കൽപ്പം നമ്മെ ഓർമിപ്പിക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ ആഹ്ലാദത്തിനിടയിലും വർഗീയ കലാപങ്ങളിൽ മുറിവേറ്റ മനുഷ്യർക്കരികിലായിരുന്നു ഗാന്ധിജി. ആഘോഷങ്ങളുടെ ആവേശത്തിനൊപ്പം നിൽക്കുന്നതിനേക്കാൾ ഒറ്റപ്പെട്ടവരുടെ സുരക്ഷയ്ക്കായി അവരോടൊപ്പം നിൽക്കാനാണ് ആദ്ദേഹം ഇഷ്ടപ്പെട്ടത് . ആ ധാർമിക ധൈര്യമാണ് അദ്ദേഹത്തെ ഇന്ത്യയുടെ നിത്യപ്രചോദനമാക്കുന്നത്. രാജ്യസ്നേഹത്തിന് മറ്റൊരു സമൂഹത്തോടുള്ള വിദ്വേഷം ആവശ്യമില്ലെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ സത്യത്തോടുള്ള ഉത്തരവാദിത്വം നഷ്ടപ്പെടരുതെന്നും അദ്ദേഹം പഠിപ്പിച്ചു.
ഈ സന്ദേശം ഇന്ത്യയുടെ അതിർത്തികൾ കടന്നു. അമേരിക്കയിൽ കറുത്തവർഗക്കാരുടെ പൗരാവകാശ സമരത്തിന് നേതൃത്വം നൽകിയ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ ഗാന്ധിജിയുടെ അഹിംസയിൽനിന്ന് സമരത്തിന്റെ വഴികണ്ടെത്തി. അനീതിയുള്ള വ്യവസ്ഥയെ സമാധാനപരമായ ജനകീയ പ്രതിരോധത്തിലൂടെ വെല്ലുവിളിക്കാമെന്ന ഗാന്ധിയൻ മാതൃകയെ അദ്ദേഹം തന്റെ നൊബേൽ പ്രഭാഷണത്തിലൂടെ ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചു. ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിന്റെ അനുഭവം അമേരിക്കയിലെ തുല്യാവകാശ പോരാട്ടത്തിന് കരുത്തായി.
ദക്ഷിണാഫ്രിക്കയിൽ നെൽസൺ മണ്ടേലയും ഗാന്ധിജിയുടെ സ്വാധീനം തുറന്നുപറഞ്ഞിട്ടുണ്ട്. ഗാന്ധിയുടെയും നെഹ്റുവിന്റെയും ആശയങ്ങളിലെ സഹിഷ്ണുതയും സമാധാനവും ഐക്യവും തന്റെ ചിന്തയെയും വിമോചനപ്രസ്ഥാനത്തെയും ആഴത്തിൽ സ്വാധീനിച്ചെന്ന് അദ്ദേഹം രേഖപ്പെടുത്തി. മണ്ടേലയുടെ സമരയാത്ര ഗാന്ധിയൻ അഹിംസയുടെ അതേ പാതയിലായിരുന്നില്ലെങ്കിലും, സ്വാതന്ത്ര്യാനന്തരം സമൂഹത്തെ ഒരുമിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളിൽ ഈ മൂല്യങ്ങളുടെ പ്രസക്തി കാണാം.
ഗാന്ധിയൻ പ്രചോദനത്തിന്റെ വ്യാപ്തി അമേരിക്കയിലും ദക്ഷിണാഫ്രിക്കയിലും അവസാനിക്കുന്നില്ല. ചെക്ക് ജനാധിപത്യനേതാവ് വാക്ലാവ് ഹാവലും ഗ്വാട്ടിമാലയിലെ മനുഷ്യാവകാശ പ്രവർത്തക റിഗോബെർത്ത മെൻചുവും ഉൾപ്പെടെയുള്ളവരെ അദ്ദേഹത്തിന്റെ ജീവിതം പ്രചോദിപ്പിച്ചതായി ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യത്യസ്ത സമൂഹങ്ങളിൽ ആ സ്വാധീനം വ്യത്യസ്ത രൂപങ്ങളിലാണ് പ്രകടമായത്. അധികാരത്തിന്റെ കരുത്തിനു മുന്നിൽ മനുഷ്യന്റെ മനസ്സാക്ഷിക്കും സംഘടിതമായ പ്രതിരോധത്തിനും സ്ഥാനമുണ്ടെന്ന വിശ്വാസമായിരുന്നു അവയെ ബന്ധിപ്പിച്ച ആശയം.
ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിനെ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നതും ഈ ആഗോള പ്രസക്തിയുടെ അംഗീകാരമാണ്. ഗാന്ധിജിയെ ആദരിക്കുന്നത് അദ്ദേഹത്തെ വിമർശനത്തിന് അതീതനാക്കുന്നതല്ല. അദ്ദേഹത്തിന്റെ നിലപാടുകളെയും പരിമിതികളെയും പരിശോധിക്കാം. അതോടൊപ്പം സത്യം, അഹിംസ, മതസൗഹാർദം, അധ്വാനത്തിന്റെ മാന്യത എന്നിവ പൊതുജീവിതത്തിന്റെ മാനദണ്ഡങ്ങളാക്കിയ സംഭാവനയും തിരിച്ചറിയണം.
ഗാന്ധിജയന്തി പൂമാലകളിലും പ്രസംഗങ്ങളിലും അവസാനിച്ചാൽ രാഷ്ട്രപിതാവ് എന്ന വിളിയുടെ അർഥം ചുരുങ്ങിപ്പോകും. വ്യാജത്തെ ചോദ്യം ചെയ്യുമ്പോഴും അനീതിക്കെതിരെ നിൽക്കുമ്പോഴും മറ്റൊരു വിശ്വാസമുള്ള അയൽക്കാരന്റെ സുരക്ഷ സ്വന്തം ഉത്തരവാദിത്വമായി കാണുമ്പോഴും ഗാന്ധിജി നമുക്കിടയിൽ ജീവിക്കുന്നു .
ഒരു രാഷ്ട്രത്തിന് ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കൊപ്പം ധാർമികമായ ദിശയും വേണം. ഇന്ത്യയ്ക്ക് ആ ദിശ കാണിച്ചുതന്ന മനുഷ്യനോടുള്ള കടപ്പാടാണ് രാഷ്ട്രപിതാവ് എന്ന വിളിയിൽ നിറയുന്നത്. ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയെ ഓരോ തലമുറയും സ്വന്തം പ്രവൃത്തികളിലൂടെ പുനർനിർമിക്കുമ്പോഴാണ് ആ വിളി അർഥവത്താകുന്നത്.


