അടിയന്തര സാഹചര്യത്തിൽ വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു
ദുബൈ: ഫ്ളൈ ദുബൈ വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തെ തുടർന്ന് ഉണ്ടായ അതീവ ഗുരുതരമായ പ്രതിസന്ധിക്കിടെ വൻ ദുരന്തം ഒഴിവാക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ഇന്ത്യൻ പൈലറ്റായ സ്മിത് മച്ച്ഛർ. ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പോയ FZ1073 വിമാനത്തിലാണ് ബുധനാഴ്ച നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
വിമാനം ആകാശത്ത് പറക്കുന്നതിനിടെ സഹപൈലറ്റ് ക്യാപ്റ്റനെ കത്തി ഉപയോഗിച്ച് ആക്രമിച്ചതായാണ് വിവിധ റിപ്പോർട്ടുകൾ. ആക്രമണത്തിൽ പരിക്കേറ്റിട്ടും സ്മിത് മച്ച്ഛർ വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാനും ആക്രമണകാരിയെ തടയാനും ശ്രമിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് സഹപൈലറ്റിനെ കീഴടക്കുകയായിരുന്നു.
സംഭവത്തിനിടെ വിമാനം അപ്രതീക്ഷിതമായി വൻതോതിൽ താഴേക്ക് പതിച്ചതായാണ് ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ. ഏകദേശം 14,300 അടി ഉയരം വെറും 37 സെക്കൻഡിനുള്ളിൽ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. വിമാനത്തിൽ ഏകദേശം 180 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് ചില റിപ്പോർട്ടുകൾ. അടിയന്തര സാഹചര്യത്തിൽ വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.
വിമാനത്തിൽ നിന്ന് ആദ്യം പൊതുവായ അടിയന്തര സിഗ്നലും പിന്നീട് അനധികൃത ഇടപെടൽ/ഹൈജാക്കിങ് സൂചിപ്പിക്കുന്ന 7500 കോഡും ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ സംഭവത്തിന്റെ ഗൗരവം വർധിക്കുകയും ഇസ്രയേൽ അധികൃതർ ജാഗ്രത നടപടികൾ സ്വീകരിക്കുകയും ചെയ്തു.
തബൂക്കിൽ വിമാനം സുരക്ഷിതമായി ഇറക്കിയതിന് പിന്നാലെ പരിക്കേറ്റ പൈലറ്റുമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്മിത് മച്ച്ഛർ ഇന്ത്യൻ പൗരനാണെന്നും മുമ്പ് സ്പൈസ്ജെറ്റിൽ 11 വർഷത്തോളം സേവനമനുഷ്ഠിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. 2022 ജൂൺ മുതൽ ഫ്ളൈ ദുബൈയുടെ ബോയിങ് 737 വിഭാഗത്തിൽ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
സംഭവത്തിന്റെ കൃത്യമായ കാരണം, സഹപൈലറ്റിന്റെ ഉദ്ദേശ്യം, ആക്രമണത്തിലേക്ക് നയിച്ച സാഹചര്യം എന്നിവ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ഫ്ളൈ ദുബൈ സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണത്തിന്റെ കണ്ടെത്തലുകൾ പുറത്തുവരുന്നതുവരെ നിഗമനങ്ങളിൽ എത്തരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കുത്തേറ്റിട്ടും വിമാനത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സ്മിത് മച്ച്ഛർ നടത്തിയ ഇടപെടലും പിന്നീട് യാത്രക്കാരും ജീവനക്കാരും ചേർന്ന് നടത്തിയ പ്രതിരോധവുമാണ് ദുരന്തം ഒഴിവാക്കുന്നതിൽ നിർണായകമായതെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ


