തിരുവനന്തപുരം: കേരളത്തിൽ ഇന്ന്, സെപ്റ്റംബർ 21ന്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 20 മുതൽ 24 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഇന്ന് സംസ്ഥാനത്ത് പ്രധാനമായും ഇടിമിന്നൽ, ശക്തമായ കാറ്റ് തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങൾ സംബന്ധിച്ച മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്നത്. ഇടിമിന്നൽ സാധ്യതയുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിലും മരങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും സമീപവും നിൽക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.
തീരപ്രദേശങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പ്
ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ ചില തീരപ്രദേശങ്ങളിൽ സെപ്റ്റംബർ 21 രാത്രി 8.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി.
ആലപ്പുഴയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും, എറണാകുളത്ത് മുനമ്പം FH മുതൽ മറുവക്കാട് വരെയും, തൃശൂരിൽ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയുമുള്ള തീരപ്രദേശങ്ങളിലാണ് പ്രത്യേക ജാഗ്രത നിർദേശം.
കടലാക്രമണ സാധ്യത കണക്കിലെടുത്ത് തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. കടലിൽ ഇറങ്ങുന്നതും തീരപ്രദേശങ്ങളിൽ വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും അധികൃതരുടെ നിർദേശങ്ങൾ പാലിച്ചായിരിക്കണം.
കാലാവസ്ഥാ മുന്നറിയിപ്പ്: സെപ്റ്റംബർ 22, 23 തീയതികളിൽ കേരളത്തിന് പ്രത്യേക മുന്നറിയിപ്പ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും സെപ്റ്റംബർ 24ന് വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ IMD മുന്നറിയിപ്പ്.


