കൊച്ചി കേന്ദ്രീകരിച്ച് വിവിധ ബാങ്കുകളിലായി നടന്ന ക്രമക്കേടിന്റെ വ്യാപ്തി ഏകദേശം 700 കോടി
ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണത്തിൽ
കൊച്ചി ∙ സിബിൽ സ്കോർ കുറഞ്ഞവരുടെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് അവരുടെ സ്വത്തുക്കൾ ഈടാക്കി കോടികളുടെ വായ്പകൾ തട്ടിയെടുത്തെന്ന ആരോപണത്തിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര നിർണായക നടപടി സ്വീകരിച്ചു. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന എറണാകുളം സ്വദേശി ജെന്നി വർഗീസിനെയും തട്ടിപ്പിന് കൂട്ടുനിന്നതായി ആരോപണമുള്ള ബാങ്കിലെ മൂന്ന് ഉദ്യോഗസ്ഥരെയും ഫ്രോഡ് പട്ടികയിൽ ഉൾപ്പെടുത്താൻ ബാങ്ക് തീരുമാനിച്ചു. സംഭവത്തിൽ സിബിഐ അന്വേഷണത്തിനും പൊലീസ് അന്വേഷണത്തിനും ശുപാർശ ചെയ്തതായാണ് റിപ്പോർട്ട്.
കൊച്ചി കേന്ദ്രീകരിച്ച് വിവിധ ബാങ്കുകളിലായി നടന്ന ക്രമക്കേടിന്റെ വ്യാപ്തി ഏകദേശം 700 കോടി രൂപയോളം വരുമെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. സിബിൽ സ്കോർ മോശമായതിനാൽ ബാങ്ക് വായ്പ ലഭിക്കാത്തവരെയാണ് തട്ടിപ്പ് സംഘം ലക്ഷ്യമിട്ടത്. ഇവരിൽനിന്ന് ആധാരം ഉൾപ്പെടെയുള്ള രേഖകൾ കൈക്കലാക്കിയ ശേഷം ഉടമകളുടെ അറിവില്ലാതെ ബിസിനസ് വായ്പകൾ എടുത്തെന്നാണ് ആരോപണം. പലരും ബാങ്കുകളിൽനിന്ന് ജപ്തി നോട്ടീസ് ലഭിച്ചപ്പോഴാണ് തങ്ങളുടെ പേരിൽ കോടികളുടെ വായ്പ എടുത്തതായി അറിയുന്നത്.
14 വായ്പകളിൽ 72 കോടിയുടെ നഷ്ടം
ബാങ്ക് ഓഫ് മഹാരാഷ്ട്ര നടത്തിയ ഫ്രോഡ് മോണിറ്ററിംഗ് പരിശോധനയിൽ മാത്രം 14 വായ്പകളിലായി ഏകദേശം 72 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ജെന്നി വർഗീസിനെയും മൂന്ന് ബാങ്ക് ഉദ്യോഗസ്ഥരെയും ഫ്രോഡ് പട്ടികയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം. ബാങ്കിന്റെ പൂനെ ഹെഡ് ഓഫീസിൽനിന്ന് കൊച്ചി സോണൽ മാനേജർക്ക് അന്വേഷണ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കത്തും നൽകിയിട്ടുണ്ട്.
ചെറിയ വായ്പ വാഗ്ദാനം ചെയ്ത് കോടികളുടെ ബാധ്യത
തട്ടിപ്പിന്റെ രീതി സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നവരെ സമീപിച്ച് ചെറിയ തുകയുടെ വായ്പ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിക്കും. ഇതിനായി ഭൂമിയുടെ ആധാരം, നികുതി രേഖകൾ, മുദ്രപ്പത്രം, ബ്ലാങ്ക് ചെക്ക് തുടങ്ങിയ രേഖകൾ വാങ്ങിയെടുക്കും. പിന്നീട് ഇതേ രേഖകൾ ഉപയോഗിച്ച് കോടികളുടെ ബിസിനസ് വായ്പകൾ എടുത്തെന്നാണ് അന്വേഷണത്തിൽ ഉയർന്നിട്ടുള്ള ആരോപണം.
എറണാകുളം ജില്ലയിലെ ഒരു പരാതിക്കാരന്റെ കേസിൽ ഒരു കോടി രൂപയുടെ വായ്പ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് രേഖകൾ കൈക്കലാക്കിയ ശേഷം അദ്ദേഹത്തിന്റെ അറിവില്ലാതെ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കാക്കനാട് ശാഖയിൽനിന്ന് 30 കോടി രൂപയുടെ വായ്പ എടുത്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വ്യാജ ഗ്യാരണ്ടി കരാർ ഉൾപ്പെടെയുള്ള രേഖകൾ ഉപയോഗിച്ചെന്നാണ് കേസ്.
ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണത്തിൽ
തട്ടിപ്പിൽ ബാങ്ക് ജീവനക്കാരുടെ പങ്ക് സംബന്ധിച്ച ആരോപണങ്ങളും ശക്തമാണ്. വിവിധ കേസുകളിൽ ബാങ്ക് ഉദ്യോഗസ്ഥർ തന്നെ തട്ടിപ്പ് സംഘവുമായി സഹകരിച്ചെന്ന പരാതികളാണ് ഉയർന്നത്. ഒരു കേസിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ ഉദ്യോഗസ്ഥനും ജെന്നി വർഗീസും പ്രതികളായി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് പുറമെ കനറാ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി യൂണിയൻ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വായ്പകളിലും ക്രമക്കേടുകൾ ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് ചില കേസുകളിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഇരകളാകുന്നത് സ്വന്തം സ്വത്തുപോലും നഷ്ടപ്പെടുമെന്ന ഭീതിയിൽ
വായ്പ എടുത്തിട്ടില്ലാത്തവരുടെ പേരിൽ കോടികളുടെ ബാധ്യത സൃഷ്ടിക്കപ്പെട്ടതാണ് കേസിന്റെ ഏറ്റവും ഗൗരവമേറിയ വശം. ചില പരാതിക്കാർക്ക് ബാങ്കിൽ അക്കൗണ്ട് പോലുമില്ലാതിരുന്നിട്ടും അവരുടെ ഭൂമിയും വീടും വായ്പയുടെ ഈടായി മാറിയെന്നാണ് ആരോപണം. ബാങ്കിൽനിന്നുള്ള ജപ്തി നടപടികൾ ആരംഭിച്ചതോടെയാണ് പലരും തട്ടിപ്പിന്റെ വ്യാപ്തി തിരിച്ചറിഞ്ഞത്.
സംഭവത്തിൽ കൂടുതൽ ബാങ്കുകളിലെ ഇടപാടുകളും ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കേണ്ട സാഹചര്യമാണുള്ളത്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ആഭ്യന്തര അന്വേഷണത്തിന് പിന്നാലെ സിബിഐ അന്വേഷണം ശുപാർശ ചെയ്തതോടെ കൊച്ചി കേന്ദ്രീകരിച്ചുള്ള വായ്പാ തട്ടിപ്പിന്റെ അന്വേഷണം കൂടുതൽ വിപുലമാകാനുള്ള സാധ്യതയാണ് ഇപ്പോൾ ഉയരുന്നത്.


